ഒരു പെണ്ണും ഒന്നര ചെരുപ്പും
ഭാഗം 1
ഞാൻ കൊണ്ടുവച്ച ചായകപ്പിലേക്ക് ഒന്ന് നോക്കി , തിരിച്ചു തന്റെ പ്രവർത്തികളിലേക്ക് വഴുതി വീണു . പെട്ടന്ന് അയാൾ തിരിഞ്ഞൊന്ന് നോക്കി പുഞ്ചിരിച്ചു . ആ ചിരിയിൽ ഒരു നിഷ്കളങ്കത കൊണ്ട് വരാൻ അദ്ദേഹം പാടുപെട്ടിരുന്നു .
എന്തോ കൂടുതൽ നേരം അവിടെ നിൽക്കാൻ എനിക്കും തോന്നിയില്ല . അയാൾ ആരാണെന്നോ , എന്താണെന്നോ ഒന്നും എനിക്കറിയില്ല . പലവട്ടം ചോദിക്കാൻ ശ്രമിച്ചെങ്കിലും ആരോ പിന്തിരിപ്പിക്കുന്ന പോലെ .
തിരിച്ചു നടന്നു വാതിൽ കടന്നു , അവിടേക്ക് ഒന്ന് ഒളിഞ്ഞു നോക്കി . അപ്പോഴും അയാൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു . തനിക്കും നൂറു കൂട്ടം പണികളുണ്ട് ... പോകണം .. അതിൽ മുഴുകണം...
വാതിൽ ചാരാൻ ശ്രമിച്ചു . പക്ഷെ ആ ശ്രമം വിഫലമായി തീർന്നു . എത്ര ശ്രമിച്ചിട്ടും മാറ്റമില്ലാത്ത മനസ്സുമായി അങ്ങനെ നിന്നു . അതെ ആരോ അതു പിടിച്ചു തള്ളുന്നുണ്ടായിരിക്കണം . ആ വാതിൽ ഒരു തടസ്സവും സൃഷ്ടിക്കാതെ അകത്തെ ചുമരുകൾക്ക് വെളിച്ചം പകരുകയാണ് .
ആ വാതിലുകൾ അങ്ങനെയാണ് ; രാത്രിയെന്നോ പകലെന്നോ ഇല്ലാതെ... അങ്ങനെ തുറന്നിരിക്കുകയാണ് .
എല്ലാം ഒന്നിൽ നിന്നും തുടങ്ങണം . പുറത്തിറങ്ങി പ്ലാവിൻ തൈക്കരികിലൂടെ നടന്നു . അവിടെയും ആ പടിക്കെട്ടിനപ്പുറം ഒരു വാതിൽ രൂപപ്പെട്ടിരുന്നു . അതെനിക്ക് ഒരിക്കലും ഒരു തടസ്സമായിരുന്നില്ല . ചിലരുടെ മനസ്സ് എന്നൊക്കെ പറയും പോലെ . തുറന്നാൽ അത് എന്റെ ലോകമാണ് ...
തുറന്നാൽ .. മാത്രം..
അകത്തു കയറുമ്പോൾ ആ ഗ്രില്ലിന്റെ വാതിൽ എന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു . അത് ചെവി കൊള്ളാതെ .. നേരെ നടന്നു . അവിടെ ആ തീ കനലുകൾക്കരികെ ഒരു മുഖം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു . അവിടെ ആ പാത്രങ്ങൾക്കിടയിൽ തീയും പുകയും കൊണ്ട് കറുത്തിരുണ്ട ആ മണ്കലത്തിന് എന്റെ മുഖമായിരുന്നു .
അതേ രൂപവും...
തുടരും....
No comments:
Post a Comment