വേദനിപ്പിക്കുന്ന ശില്പം
സൂര്യനാരായണന്‍ എം.കെ.
കവിതയിലൂടെ
മൈക്കലാഞ്ജലോയുടെ പിയത്ത എന്ന ശില്പത്തിന്റെ നേർക്ക് 1972 മേയ് 21-ന് മയക്കുമരുന്നിന് അടിമയായ ലാസ്ലോടോത്ത് എന്ന യുവാവ് ആക്രമണം നടത്തി. അതിനെക്കുറിച്ചുള്ള പത്രവാർത്ത വായിച്ചപ്പോൾ കവി ഒ.എൻ.വി.കുറുപ്പിനുണ്ടായ വൈകാരികാനുഭവത്തിൽനിന്ന് രൂപപ്പെട്ടതാണ് 'മൈക്കലാഞ്ജലോ മാപ്പ്' എന്ന കവിത.
കുരിശിൽനിന്നിറക്കിയ യേശുവിന്റെ തിരുശരീരം വാത്സല്യപൂർവം മടിത്തട്ടിൽ താങ്ങിക്കിടത്തിയ അമ്മമറിയത്തിന്റെ കരുണാർദ്രമായ ഭാവം ആവിഷ്കരിക്കുന്ന 'പിയത്ത' എന്ന ശില്പം കവിമനസ്സിലുണർത്തിയ അനുഭൂതികൾ ആവിഷ്കരിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്.
ഒരു ആശ്വാസത്തിനും ഉരുക്കിക്കളയാനാവാത്ത ദുഃഖമാണ് മറിയത്തിന്റെത്. ലില്ലിപ്പൂവിലെ രക്തരേഖകൾപോലെ ചോരവാർന്നൊഴുകിയ ആറിത്തണുത്ത തിരുശരീരം എന്ന വിശേഷണം യേശു ഏറ്റുവാങ്ങിയ പീഡാനുഭവത്തിന്റെ അടയാളമാണ്. തന്നെ മരണത്തിലേക്ക് വലിച്ചെറിഞ്ഞവരോടുപോലും പൊറുക്കണമേ എന്ന് പാതികൂമ്പിയ യേശുവിന്റെ കണ്ണുകൾ അപ്പോഴും പ്രാർഥിക്കുന്നുണ്ടായിരുന്നു. അമ്മയുടെയും മകന്റെയും ദൈന്യത്തെ ജീവസ്സുറ്റതാക്കുന്ന 'പിയത്ത' കവിമനസ്സിൽ ഉജ്ജ്വലമുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നു.
യേശുവിന്റെ പീഡാനുഭവയാത്രയിൽ അരിമത്യക്കാരനായ ജോസഫിനും ഗലീലിയയിലെ സ്ത്രീകൾക്കുമൊപ്പം ദൃക്സാക്ഷിയായ അനുഭവമാണ് 'പിയത്ത' എന്ന ശില്പം കണ്ട കവി പങ്കുവെക്കുന്നത്. ദുഃഖഭാരവുമായി ഇരിക്കുന്ന മറിയത്തെയും മരണമാശ്ലേഷിച്ചിട്ടും മാതാവിന്റെ മടിയിൽ ഉയിർതേടിയിരിക്കുന്ന യേശുവിന്റെയും ശില്പം കൊത്തിമിനുക്കിയ 'പിയത്ത'യെ വിവരിച്ചുതന്ന ഗൈഡിനും ഒപ്പം മഹാനായ മൈക്കലാഞ്ജലോവിനും കവി നന്ദി പ്രകാശിപ്പിക്കുന്നു. മറിയത്തിന്റെ ജീവിതത്തിലെ ഏറ്റവും വികാരതീവ്രമായ രംഗം അനുഭവിച്ചുതന്ന മൈക്കലാഞ്ജലോയെ നെഞ്ചിലേറ്റുകയും ആ കരവിരുതിനെ മനസ്സിൽ ചുംബിക്കുകയും ചെയ്യുന്നു. 'പിയത്ത'യുടെ സൃഷ്ടിക്കായി മൈക്കലാഞ്ജലോ ചെലവഴിച്ച ഉറക്കമില്ലാത്ത രാവുകളും വിയർപ്പിൽ കുളിച്ച പകലുകളും മനസ്സിലുണർന്ന മംഗളഗാനവും കവി തന്റെതന്നെ അനുഭവമായി കാണുന്നു.
പ്രതിമ തകർത്ത യുവാവിന്റെ കാട്ടാളത്തം കവിയെ ദുഃഖിതനാക്കുന്നു. ഒന്നുറങ്ങുവാൻപോലും മയക്കുമരുന്ന് തേടിപ്പോകുന്ന പുതുകാലത്തിന്റെ ജല്പനവും സംഹാരവും കവിയെ അസ്വസ്ഥനാക്കുന്നു. വിഗ്രഹഭഞ്ജകന്റെ പ്രവൃത്തിയിൽ മനംതകർന്ന കവി മൈക്കലാഞ്ജലോയോട് മാപ്പുചോദിക്കുകയും യേശുവിനെപ്പോലെ കുറ്റവാളികൾക്ക് മാപ്പുനൽകണമേയെന്ന് പ്രാർഥിക്കുകയും ചെയ്യുന്നു
വരികളിലൂടെ
കവിതയിലെ ചില പ്രധാന വരികൾ പരിശോധിക്കാം.
'താത നീയിവരോടു പൊറുക്കണമേ'യെന്നു
പാതികൂമ്പിയ കൺകളിപ്പോഴും പ്രാർഥിക്കുന്നു.
കുരിശിൽനിന്നിറക്കിയ യേശുവിന്റെ തിരുശരീരം അമ്മമറിയത്തിന്റെ മടിത്തട്ടിൽ രക്തരേഖകൾ പടർന്ന ലില്ലിപ്പൂവുപോലെ വാടിക്കിടക്കുകയാണ്. പീഡാനുഭവങ്ങൾ ഏറ്റുവാങ്ങിയ യേശുവിന്റെ ദേഹത്തിൽ പാതികൂമ്പിയ കണ്ണുകൾ അപ്പോഴും പ്രാർഥനാനിർഭരമായിരുന്നു. പിതാവേ, നീ എന്നെ ഈ നിലയിലെത്തിച്ചവരോട് പൊറുക്കണമേയെന്ന് ആ കണ്ണുകൾ ഇപ്പോഴും പ്രാർഥിക്കുന്നതായി കവി പറയുന്നു. തന്റെ മരണത്തിന് കാരണമായവരോടുപോലും കാണിക്കുന്ന സ്നേഹവും കാരുണ്യവുമാണ് യേശുവിന്റെ പാതികൂമ്പിയ കണ്ണുകളിൽ നിറഞ്ഞുനിന്നത്.
ദൃക്സാക്ഷിയാകുന്നു ഞാനറിമത്യ'യിൽനിന്നു-
'പിയത്ത' എന്ന വെണ്ണക്കൽശില്പം കണ്ടപ്പോൾ തന്നിലുദിച്ചുയർന്ന ഉജ്ജ്വലമുഹൂർത്തങ്ങളാണ് ഒ.എൻ.വി. പങ്കുവെക്കുന്നത്. അരിമത്യക്കാരനായ ജോസഫും ഗലീലിയയിലെ സ്ത്രീകളും പങ്കാളികളായ ക്രിസ്തുവിന്റെ പീഡാനുഭവയാത്രയിൽ താനും പങ്കാളിയായതുപോലെ കവിക്ക് അനുഭവപ്പെടുന്നു. പിലാത്തോസിന്റെ ഭവനംമുതൽ ഗാഗുൽത്താമലവരെ കുരിശുംവഹിച്ചുകൊണ്ടുള്ള ക്രിസ്തുവിന്റെ അവസാന യാത്രയിൽ യാത്രാമധ്യേ അദ്ദേഹം കുഴഞ്ഞുവീണു. അപ്പോൾ അദ്ദേഹത്തെ സഹായിക്കാനായി നിയോഗിക്കപ്പെട്ട ഒരു സാധാരണക്കാരനായിരുന്നു അരിമത്യക്കാരനായ ജോസഫ്. ആ യാത്രയിൽ കരഞ്ഞുകൊണ്ട് ഗലീലിയയിലെ ഒരുകൂട്ടം സ്ത്രീകളും ക്രിസ്തുവിനെ അനുഗമിക്കുകയുണ്ടായി. ''നിങ്ങൾ എന്നെ ചൊല്ലി കരയേണ്ട, നിങ്ങളുടെ മക്കളെയോർത്ത് കരയൂ.'' എന്നു പറഞ്ഞ് ക്രിസ്തു അവരെ ആശ്വസിപ്പിക്കുകയുണ്ടായി. ജോസഫിന്റെയും ഗലീലിയയിലെ സ്ത്രീകളുടെയും ഹൃദയത്തുടിപ്പുകൾ തന്റെകൂടി അനുഭവമായി ഒ.എൻ.വി. തിരിച്ചറിയുന്നു. ശില്പത്തിൽ തുടിക്കുന്ന കരുണഭാവം ജോസഫിലൂടെ, ഗലീലിയാസ്ത്രീകളിലൂടെ കവിമനസ്സിലും ലോകമനസ്സുകളിലും പടർന്നുകയറുകയാണ്.
മാപ്പുനൽകുകെൻ പ്രിയ മൈക്കലാഞ്ജലോ,
മാപ്പ് മാപ്പിവർ ചെയ്യുന്നതെന്തെന്നിവരറിവീല...
'പിയത്ത' എന്ന വെണ്ണക്കൽശില്പം ലോകത്തിനായി കൊത്തിവെച്ച മൈക്കലാഞ്ജലോയുടെ കരവിരുതിനു മുൻപിൽ കവി അദ്ഭുതപരതന്ത്രനായി നമസ്കരിക്കുന്നു. ആ ലോകോത്തരകലാകാരന് ഹൃദയത്തിന്റെ ഭാഷയിൽ കവി നന്ദി പ്രകാശിപ്പിക്കുന്നു. എന്നാൽ ആധുനികകാലത്തിന്റെ ലഹരിമൂത്ത കാട്ടാളത്തത്തിന്റെ പ്രതിനിധിയായ ലാസ്ലോടോത്ത് എന്ന ചെറുപ്പക്കാരൻ ചുറ്റികയാൽ ആ ശില്പഭംഗിയെ തച്ചുടയ്ക്കുന്നു. ജഡമായ ശിലയെ മൈക്കലാഞ്ജലോ തന്റെ കരവിരുതിനാൽ തേജസ്സുറ്റതാക്കിയപ്പോൾ ആധുനികകാലത്തിന്റെ ലഹരി വിഴുങ്ങിയ ഭ്രാന്ത് ചുറ്റികയാൽ അതിനെ തച്ചുടച്ചതു കണ്ട് കവി വേദനയോടെ മൈക്കലാഞ്ജലോയോട് മാപ്പുചോദിക്കുകയാണ്. കലാസൃഷ്ടിയുടെ സൗന്ദര്യമറിയാതെ വളർന്നുവരുന്ന പുതിയകാലത്തെക്കുറിച്ചുള്ള ആശങ്കയോടെയാണ് യേശുവിന്റെ വചനം ഉൾക്കൊണ്ട് ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല. ഇവർക്ക് മാപ്പുനൽകണമേയെന്ന് കവി പറയുന്നത്.
ആത്മബലിയുടെ പിയത്ത
മൈക്കലാഞ്ജലോയുടെ വിശ്വപ്രസിദ്ധ വെണ്ണക്കൽശില്പമാണ് 'പിയത്ത'. ആത്മബലി നടത്തിയ ക്രിസ്തുവിനെ ഉയിർത്തെഴുന്നേല്പിക്കാൻവേണ്ടി മൈക്കലാഞ്ജലോ നടത്തിയ ആത്മബലിയുടെ അനശ്വരഫലമാണ് പിയത്ത. കുരിശിൽനിന്നിറക്കിയ ക്രിസ്തുവിന്റെ മൃതശരീരത്തെ അമ്മമറിയം മടിയിൽ കിടത്തിയിരിക്കുന്നതായി ചിത്രീകരിക്കുന്ന പിയത്ത ഒറ്റ മാർബിൾശിലയിൽ രണ്ടുവർഷംകൊണ്ടാണ് പൂർത്തിയാക്കിയത്.
1499-ൽ പണി പൂർത്തിയാക്കിയ ഈ ശില്പം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ കുടികൊള്ളുന്നു. ഈ ശില്പം തീർക്കുമ്പോൾ മൈക്കലാഞ്ജലോയ്ക്ക് ഇരുപത്തിനാലുവയസ്സേ ഉണ്ടായിരുന്നുള്ളൂ. പിയത്ത എന്ന ശില്പത്തെക്കുറിച്ച് വലിയ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. കന്യാമറിയത്തിന്റെ വസ്ത്രാലങ്കാരത്തിലെ ധാരാളിത്തവും അവരുടെ തല ചെറുതാണെന്നും വിമർശിക്കപ്പെട്ടു.
മടിയിൽ കിടക്കുന്ന മകനായ യേശുവിനെക്കാൾ പ്രായക്കുറവ് കന്യാമറിയത്തിന്റെ മുഖത്ത് കാണുന്നു എന്നായിരുന്നു മറ്റൊരു വിമർശനം.
അതിന് മൈക്കലാഞ്ജലോ തന്നെ മറുപടി നൽകുകയുണ്ടായി. വിശുദ്ധയായ ഒരു സ്ത്രീയിൽ യൗവനം ദീർഘകാലം നിലനിൽക്കും. ക്രിസ്തുവിന്റെ ശരീരം യൗവനം തുളുമ്പുന്നതാണെങ്കിലും ആത്മീയകാന്തിയാണ് അതിൽ സ്ഫുരിക്കുന്നത്. അമ്മയുടെയും മകന്റെയും സ്മാരകമായ 'പിയത്ത' കാണുമ്പോൾ വിശുദ്ധമാതാവിന്റെ കണ്ണുകൾ 'എന്നെയും മകനെയും കൈവിട്ടോ?' എന്ന് ദൈവത്തോട് ചോദിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ക്രിസ്തുവിന്റെ കൈകളും കാലുകളും നിദ്രയിൽ മുഴുകിയ ഒരാളിന്റെതെന്ന് തോന്നുംവിധം അയഞ്ഞ് ഒഴുകിക്കിടക്കുന്നതിന്റെ കലാസൗന്ദര്യം ഒന്നു വേറെത്തന്നെയാണ്.
മൈക്കലാഞ്ജലോ
1475 മാർച്ച് 6-ന് ഇറ്റലിയിലെ ടസ്നിക്കയിൽപ്പെട്ട കപ്രസെയിലെ അരസ്സ്യോ എന്ന സ്ഥലത്ത് ലൊഡോക്കോവിക്കോ പ്രഭുവിന്റെയും ഫ്രാൻസെസ്കയുടെയും മകനായി ജനിച്ചു. മൈക്കലാഞ്ജലോ ഡി ലൊഡോവികോ ബുഓണറോട്ടി സിമോണി എന്നായിരുന്നു യഥാർഥ പേര്. ബാല്യംമുതലേ ചിത്രകലയിൽ വലിയ തത്പരനായിരുന്നു.
സാഹിത്യപരമായ വിദ്യാഭ്യാസത്തിൽനിന്ന് ചിത്രരചനയിലേക്ക് തിരിഞ്ഞ മൈക്കലാഞ്ജലോയുടെ പ്രവൃത്തികണ്ട് അച്ഛനും അമ്മയും അവനെ ക്രൂരമായി മർദിക്കുകയും ശകാരിക്കുകയും ചെയ്തു. പക്ഷേ, പിന്നീട് പിതാവ് തന്നെ മൈക്കലാഞ്ജലോയെ ഡൊമെനിക്കോ ഗിർലാൻഡോയുടെ കീഴിൽ രേഖാചിത്രരചനയും പ്രതിമാനിർമാണവും അഭ്യസിപ്പിച്ചു. അങ്ങനെ തന്റെ സമകാലികനായ ലിയോനാർഡോ ഡാ വിഞ്ചിക്കൊപ്പം വിശ്വവിഖ്യാതനായ ശില്പിയും ചിത്രകാരനും കവിയുമായി മൈക്കലാഞ്ജലോ വളർന്നു. 1564 ഫെബ്രുവരി 18-ന് അന്തരിച്ചു.
ഒ.എൻ.വി. കുറുപ്പ്
ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്ന ഒ.എൻ.വി. കുറുപ്പ് 1931 മേയ് 27-ന് കൊല്ലം ജില്ലയിലെ ചവറയിൽ ഒ.എൻ. കൃഷ്ണക്കുറുപ്പിന്റെയും
കെ. ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു. 1957-ൽ എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് കോളേജിലും തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ. വിമൻസ് കോളേജിലും അധ്യാപകനായിരുന്നു. അക്ഷരം, അഗ്നിശലഭങ്ങൾ, ഭൂമിക്കൊരു ചരമഗീതം, ഉപ്പ്, ഉജ്ജയിനി, കറുത്ത പക്ഷിയുടെ പാട്ട്, ശാർങ്ഗകപ്പക്ഷികൾ, അപരാഹ്നം, മൃഗയ എന്നിവയാണ് പ്രധാന കൃതികൾ.
1971-ൽ അഗ്നിശലഭങ്ങൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും 1975-ൽ 'അക്ഷര'ത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. സമഗ്രസംഭാവനയ്ക്ക് 2007-ൽ ജ്ഞാനപീഠ പുരസ്കാരവും 1998-ൽ പത്മശ്രീയും 2011-ൽ പത്മവിഭൂഷണും നേടുകയുണ്ടായി. പതിമൂന്ന് തവണ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ നേടി. 2016 ഫെബ്രുവരി 13-ന് അന്തരിച്ചു.
No comments:
Post a Comment